Saturday, August 27, 2016

അന്തകരണം (The Conscience)

                   അന്തഃകരണം (The conscience)

 -A Story By Sanjay Jayakumar-


എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചതും , അപരിചിതവും ദുര്‍ഘടവുമായ പാതകളിൽ മഴയുടെ രൂപത്തിൽ കുളിലിരിക്കിയതും അവനായിരുന്നു...
പലപ്പോഴും ഞാൻ എന്നോട് തന്നെ ചോദിച്ചു, നീ ആരാണ്?? എന്തിനു നീ എന്നെ എരിയാൻ
വിസമ്മതിച്ചു പെയ്തു കൊണ്ടേ ഇരിക്കുന്നു....???
ഇല്ല... മറുപടി ഒന്നും ഇല്ല .....

ഞാൻ വീണ്ടും ആവർത്തിച്ചു...
എനിക്കെരിയണം...
എരിഞ്ഞു പുകഞ്ഞങ്ങനെ എനിക്ക് എന്നെ തന്നെ മറക്കണം..
എന്നിൽ ചിതലരിക്കുന്ന നഷ്ട്ട ബോധത്തിന്റെ ഓർമ്മകൾ, ദുരിതങ്ങൾ എല്ലാം അങ്ങനെ ഇല്ലാതാവണം...
എന്റെ മനസ്സ് എന്നോട് തോറ്റു കൊടുക്കാൻ ആവശ്യപെടുന്നു.....

വിഷമതയോടെ ഞാൻ മുറിക്കത്തേക്കു പോയി...

മുറിയിലെ കണ്ണാടിയിൽ എന്റെ പ്രതിബിംബം ഞാൻ മങ്ങലോടെ കണ്ടു....
കണ്ണാടി നനഞ്ഞിരിക്കുന്നു... അതിലെ ജലകണങ്ങൾ എന്നെ മങ്ങലേൽപ്പിച്ചിരിക്കുന്നു...
മുറിക്കകത്തെ കണ്ണാടി എങ്ങനെ നനഞ്ഞു എന്ന് ഞാൻ അത്ഭുതത്തോടെ നോക്കി....
അതിൽ ഞാൻ അവനെ കണ്ടു.... എന്റെ ചോദ്യത്തിലുള്ള ആ അവനെ....

ഞാൻ പറഞ്ഞു : ഈ കണ്ടുമുട്ടൽ ഞാൻ ആഗ്രഹിച്ചത് തന്നെ ..... ഇനിയെങ്കിലും പറയണം നീ ആരാണ്?

പ്രതിബിംബം ചലിച്ചു.. അവൻ എന്നോട് പറഞ്ഞു :

ഞാൻ നീ തന്നെ.... നിന്റെ മറുമനസ്സു....
നീ ചെയ്യുന്ന ഓരോ പ്രവർത്തിയിലും നീ 2 മനസ്സോടെ പ്രവർത്തിക്കുന്നു.. അതിൽ ഞാൻ പിറവിയെടുത്തു.... അതിൽ ഒന്നിനെ നീ സ്വീകരിക്കുന്നു.. ആ മനസ്സ് നിന്നോട് പറയുന്നു....
എല്ലാം ചാമ്പലാക്കി നീ വീണ്ടും പുനർജനിക്കണം എന്ന് ... ഞാൻ അതിനെ പെയ്തു കെടുത്തുന്നു...

ഞാൻ ചോദിച്ചു : എന്തിനു ?? അത് നല്ലതല്ലേ .... ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ മനസ്സിൽ സൂക്ഷിച്ചു ചിതലരിക്കുന്നതിനും നല്ലതു അതിനെ അങ്ങ് കത്തിച്ചു കളയുന്നതല്ലേ...??

അവൻ പറഞ്ഞു :

"നല്ലത്‌... അങ്ങനെ ചെയ്‌താൽ നീ നിന്നെ തന്നെ ഇല്ലാതാക്കുകയാണ്... ദൈവം നിന്നെ സൃഷ്ടിച്ചിരിക്കുന്നത് സന്തോഷം മാത്രം അനുഭവിക്കാൻ വേണ്ടിയല്ല.... ജീവിതത്തെ നീ പഠിക്കേണ്ടത് നിന്റെ ദുഃഖങ്ങളിലൂടെ പ്രയാസങ്ങളിലൂടെ ആണ്.... ജീവിതത്തിൽ ഉണ്ടാവുന്ന ഈ സാഹചര്യങ്ങൾ നീ ഇല്ലാതാക്കിയാൽ നീ അവിടെ തോറ്റു പോകുന്നു... പിന്നെന്തു ജീവിതം. നീ വിജയിക്കണം. അനുഭവങ്ങൾ നിന്നെ ജീവിക്കാൻ പഠിപ്പിക്കും. നീ തോറ്റു പോകുന്നിടത്തു ഞാൻ നിനക്ക് കുളിരേകി പെയ്തു കൊണ്ടേ ഇരിക്കും ... നിന്നിലെ തീ ഞാൻ അണക്കും.. എല്ലാക്കാര്യവും ചെയ്യുമ്പോഴും ശരിയും തെറ്റും തമ്മിൽ നിന്നുള്ളിൽ ഒരു പിരിമുറുക്കം ഏർപ്പെടുന്നുണ്ട്.. അതിൽ നീ നിനക്ക് എളുപ്പമുള്ള വഴി തിരഞ്ഞെടുക്കുന്നു.... ഒന്നാലോചിക്കണം ശരിയായ പാത ഇപ്പോഴും ദുർഘടം നിറഞ്ഞതാണ്. എന്നിരുന്നാലും അതിൽ ഒരു സഹായ ഹസ്തമായി ഞാൻ എപ്പോഴും കൂടെ ഉണ്ടാകും.. അത് കണ്ടില്ലെന്നു നടിക്കുന്നിടത്തു നീ നീയല്ലാതാവുന്നു..."

എന്റെ ചോദ്യത്തിന് അവൻ തന്ന ഉത്തരം വ്യക്തവും സ്പഷ്ടവും ആയിരുന്നു. ഞാൻ എന്നെ തന്നെ തിരുത്തേണ്ടി വന്ന ഉത്തരം....

ഞാൻ ഞെട്ടി എഴുന്നേറ്റു... എങ്ങും നിശബ്ദത.. എല്ലാം സ്വപ്നം ആയിരുന്നോ ?? ഞാൻ പതിയെ എഴുന്നേറ്റു ലൈറ്റ് ഇട്ടു.. കണ്ണാടിയിൽ നോക്കി.. അവിടെ കണ്ണാടിയിൽ പറ്റിയിരുന്ന ജലകണങ്ങൾ പതിയെ മാഞ്ഞു കൊണ്ടിരിക്കുകയായിരുന്നു....


******************************************************************************************************************
                                                         - സഞ്ജയ് ജയകുമാർ-